25 മേയ്, 2011

നായര്‍ പക


സഖാവ് പിണറായി വി.എസ്. അച്യുതാനന്ദനോട് വിരോധം വെച്ചുപുലര്‍ത്തുന്നുണ്ടെന്നറിയാന്‍ കേരളത്തില്‍ ഒരുവന് അതീന്ദ്രിയജ്ഞാനം ഒന്നും ആവശ്യമില്ല. സിനിമാ തിയറ്ററിലെ മൂട്ടയുള്ള കസേരയിലിരുന്നാലത്തെ അനുഭവംപോലെ ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങള്‍ ലംഘിച്ച് പാര്‍ട്ടി സെക്രട്ടറിയെ അലോസരപ്പെടുത്തുന്നുവെന്നതല്ല വിരോധത്തിന് കാരണം. പിണറായി വിഭാഗീയതയെ ഇല്ലാതാക്കിയെന്ന് അവകാശപ്പെട്ട് സ്വന്തം ഗ്രൂപ്പിനെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ പുതിയ പുതിയ വെല്ലുവിളികളെ ഒന്നൊന്നായി, അരിഞ്ഞുവീഴ്ത്തി ഒരു ചാവേറിനെപ്പോലെ മുന്നോട്ടുവരുന്ന വി.എസ് തന്റെ രാഷ്ട്രീയഭാവിയെ ഇരുളടഞ്ഞതാക്കുമെന്ന് പിണറായി ഭയപ്പെടുന്നു. ഇത് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
ആര്‍. ബാലകൃഷ്ണപിള്ളക്ക് വി.എസിനോടുള്ള വിരോധവും ഇതേപോലെ ആത്മരക്ഷാര്‍ഥം ഉരുത്തിരിഞ്ഞതാണ്. വി.എസ് വാഴുന്ന ഇടതുമുന്നണിയിലേക്കുവരാന്‍ കാലെടുത്തുവെച്ചവനാണ് ആര്‍. ബാലകൃഷ്ണപിള്ള. വി.എസ് മുന്നിട്ടിറങ്ങി ആ ശ്രമത്തെയും അരിഞ്ഞുതള്ളി.
അധികാരത്തിന്റെ അരമനകളില്‍ പാര്‍ട്ടി വ്യത്യാസം നോക്കാതെ പറഞ്ഞുതീര്‍ക്കുന്ന അഴിമതികളിലൊന്നായി ഇല്ലാതാക്കാവുന്ന ഒന്നായിരുന്നു ഇടമലയാര്‍ കേസ്. എന്നാല്‍, താന്‍ അഴിമതിയുടെ ആജന്മശത്രുവാണെന്ന ഇമേജ് നിര്‍മിക്കാന്‍ വി.എസ് ഇടമലയാറിന്റെ ഗതിവേഗം വിട്ടുവീഴ്ചയില്ലാതെ വര്‍ധിപ്പിച്ച് പിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ക്കൊണ്ട് എത്തിച്ചു. 'സുമോ' ഗുസ്തിപോലെ പ്രഹസനമാക്കിത്തള്ളേണ്ട പിള്ളക്കേസില്‍ അച്യുതാനന്ദന്‍ 'നെറികേട്' കാണിച്ചുവെന്ന് വേണമെങ്കില്‍ ബാലകൃഷ്ണപിള്ളക്ക് അച്യുതാനന്ദന്റെ പേരില്‍ കുറ്റം ആരോപിക്കാം.
ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും വി.എസിനെ എതിര്‍ത്തേ പറ്റൂ. പി.ജെ. ജോസഫും വീരേന്ദ്രകുമാറും ഇടതുമുന്നണി വിട്ടതോടെ കേരള രാഷ്ട്രീയത്തിലെ ഏക ഛത്രാധിപത്യം യു.ഡി.എഫിനും കോണ്‍ഗ്രസിനും കൈവരും എന്ന സാധ്യതയെ ഒരു പടനായകന്റെ സാമര്‍ഥ്യത്തോടെ തകര്‍ത്ത് തെരഞ്ഞെടുപ്പ് ഒരു ജീവന്മരണപോരാട്ടമാക്കി മാറ്റിയ വി.എസിനെ വ്യക്തിപരമായി തേജോവധം ചെയ്തിട്ടാണെങ്കിലും വകവരുത്തുകയെന്നത് ചാണ്ടി-ചെന്നിത്തല അച്ചുതണ്ടിന്റെ മെയിന്‍ അജണ്ടയായി മാറി.
ഇതേപോലെതന്നെ കെ. മുരളീധരനോ പത്മജക്കോ മുന്‍ ഡി.ഐ.സി നേതാക്കള്‍ക്കൊന്നിനുപോലുമോ വി.എസ് അഭിമതനല്ല. ചുണ്ടിനും കപ്പിനുമിടയിലാണ് അവരുടെ ഇടതുമുന്നണി പ്രവേശം സഖാവ് പരാജയപ്പെടുത്തിയത്. വി.എസ് വിരോധികളുടെ ലിസ്റ്റ് ഇവിടംകൊണ്ടും തീരുന്നില്ല. വിരോധികള്‍ നിരവധിയാണ്. അവര്‍ക്കൊക്കെ അവരുടേതായ കാരണങ്ങളുമുണ്ട്.
എന്നാല്‍, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ  വി.എസ് വിരോധത്തിന്റെ കാരണം എന്തായിരിക്കാം? ഒരു നായര്‍ പടത്തലവന്റെ വീറോടെ സുകുമാരന്‍ നായര്‍ വി.എസിനെതിരെ ചാടിവീഴുകയായിരുന്നു.
 ഐസ്‌ക്രീം കേസിലെ പ്രതി മുസ്‌ലിം ആയതുകൊണ്ട് വി.എസ് മുസ്‌ലിംകളുടെ ശത്രുതാ ലിസ്റ്റില്‍പെടും. ചുരുക്കത്തില്‍ അസംഘടിത സമുദായങ്ങളില്‍പ്പെട്ട വല്ല ആദിവാസിക്കുമെതിരെ മാത്രമേ അഴിമതിക്കെതിരായ വാളോങ്ങാന്‍ അച്യുതാനന്ദനെ സുകുമാരന്‍ നായര്‍ അനുവദിക്കുന്നുള്ളൂ. സമദൂരത്തിന്റെ ഉപജ്ഞാതാക്കള്‍ ആവശ്യപ്പെടുന്നത് അഴിമതിയോടുള്ള സമീപനത്തില്‍ അച്യുതാനന്ദന്‍ സമദൂരം പാലിക്കരുത്. മറിച്ച്, പണ്ട് ഒളിസേവക്ക് പോകുന്ന നമ്പൂരാര്‍ക്ക് ചൂട്ടുപിടിച്ചുകൊടുക്കുന്ന നായര്‍ കാര്യസ്ഥന്റെ ചുമതലാബോധത്തിലേക്ക് താഴണമെന്നാണ്. മുഖ്യമന്ത്രി അഹങ്കരിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അഹങ്കാരി ഒരു ആഢ്യബ്രാഹ്മണനോ സവര്‍ണനോ ആയിരിക്കണമെന്നാണ് നായര്‍ മതം!
സഞ്ജയന്‍ 
മാധ്യമം വാരിക 
കാര്‍ടൂണ്‍ വേണു

1 അഭിപ്രായ(ങ്ങള്‍):

പക്ഷേ, അഹങ്കാരി ഒരു ആഢ്യബ്രാഹ്മണനോ സവര്‍ണനോ ആയിരിക്കണമെന്നാണ് നായര്‍ ചിന്തിക്കേണ്ടത്.മറ്റെല്ലാം,അഹമതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ