അനുഗൃഹീത രാഷ്ട്രീയ ഹാസ്യപ്രസംഗകനായ ഉഴവൂര്‍ വിജയന്‍ വക ഒരു പ്രയോഗമുണ്ട്. കോട്ടയം ജില്ലയില്‍ ഏതെങ്കിലും സ്വകാര്യബസ് മറിഞ്ഞാല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി മെംബര്‍മാരില്‍ കുറഞ്ഞത് ഇരുപതു പേര്‍ക്കെങ്കിലും പരിക്കേറ്റിരിക്കും എന്നാണത്. ഐക്യകേരള കോണ്‍ഗ്രസ് എന്ന മാണിസാറിന്‍െറ പോഴത്തത്തിനാണ് വിജയന്‍െറ മിസൈല്‍.
എന്നാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിതന്നെ ബാക്കിയുണ്ടാകുമോ എന്ന് ആരും ചോദിക്കാന്‍ മുതിരാത്തത് അത് ചിരിക്കുപകരം ഒരു ഉള്‍ക്കിടിലം ഉണര്‍ത്തുന്നതുകൊണ്ടാണ്.
കുരിശുപള്ളിയും കുഴിമാടവും സ്വാശ്രയ കോളജുമടക്കം ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം മതമൈത്രി പുലര്‍ത്തി കുറഞ്ഞത് ഒരു ഇരുപത്തഞ്ചുലക്ഷം മനുഷ്യജീവനുകള്‍ക്കുമുകളില്‍ ഭീതിയുടെ നിഴല്‍വിരിച്ചുനില്‍ക്കയാണ് ഒരു ദുരന്തം. ദുരന്തം എന്ന പദം ശരിയോ എന്ന് നിശ്ചയമില്ല. പരിഹരിക്കാനോ ഒഴിവാക്കാനോ സമയംതരാതെ ശിരോലിഖിതംപോലെ ജീവിതത്തിനുമേല്‍ നിപതിക്കുന്ന ആപത്തിനെയാണല്ളോ ദുരന്തം എന്ന് വിവക്ഷിക്കുന്നത്. എന്നാല്‍, കുമ്മായച്ചാന്തിന്‍െറയും സുര്‍ക്കിയുടെയും ബലത്തെ വിശ്വസിച്ച് വാദങ്ങളും എതിര്‍വാദങ്ങളും വിദഗ്ധ സമിതികളും വിമര്‍ശങ്ങളും കോടതി വിധികളും സ്റ്റേ ഓര്‍ഡറുകളുമായി വര്‍ഷങ്ങളായി ഒരു ജനസമൂഹം നിരന്തര ചര്‍ച്ചയിലിരുന്നിട്ട് സംഭവിക്കുന്നതിനെ മറ്റെന്തെങ്കിലും വിളിക്കണം.
ഇനിയും കണ്ടെത്താനും ഒരു വൈറസ് പരത്തുന്ന രോഗത്തെക്കുറിച്ചോ അതിന് പരിഹാരമായി കണ്ടെത്തേണ്ട വാക്സിനോ ഒന്നുമല്ല ഇവിടെ പരിഹാരത്തിന് തടസ്സം. ഒരുഭാഗത്ത് മുല്ലപ്പെരിയാറിലെ സംരക്ഷിതജലം പൊട്ടിയൊഴുകിയാലത്തെ സ്ഥിതിയോര്‍ത്ത് ജനം പേടിക്കുമ്പോള്‍ മറുഭാഗത്ത് മുല്ലപ്പെരിയാറില്‍നിന്നുള്ള ജലം കിട്ടാതെവന്നാല്‍ മരുഭൂമിയായി നശിക്കുന്ന കൃഷിഭൂമിയെ ഓര്‍ത്ത് ജനം വിറുങ്ങലിക്കുന്നു.
പരിഹാരം ലളിതം. മുല്ലപ്പെരിയാറില്‍ പുതിയൊരു ഡാം നിര്‍മിച്ച് ഡാമിലെ ജലത്തെ ഉപജീവിക്കുന്ന മനുഷ്യര്‍ക്ക് നിലവിലെ സ്ഥിതി ഉറപ്പുവരുത്തുക.
സ്വാഭാവികമായും 999 വര്‍ഷത്തേക്ക് ‘രാജാപ്പാര്‍ട്ട്’ കാലഘട്ടത്തില്‍ ചാര്‍ത്തിക്കൊടുത്ത കരാര്‍ അതേനിലയില്‍ നിലനിര്‍ത്തപ്പെടുമോ എന്ന ആശങ്ക ഉയര്‍ത്തിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തമിഴ്നാട്ടിലെ ജനങ്ങളില്‍ അവരുടെ വോട്ട്ബാങ്ക് ഉറപ്പാക്കുന്നത്. അണക്കെട്ടിന്‍െറ മാറ്റമോ കരാറിന്‍െറ മാറ്റമോ ഒരു തരത്തിലും തമിഴ്നാട്ടിലെ ജനത്തെ പ്രതികൂലമായി ബാധിക്കില്ളെന്ന് ഉറപ്പുവരുത്താനല്ളേ കേന്ദ്രത്തില്‍ ഒരു ഭരണസംവിധാനത്തെ ജനം ചൊല്ലും ചോറും കൊടുത്ത് പോറ്റുന്നത്?
അവിടത്തെ വകുപ്പുമന്ത്രി പറഞ്ഞത് ഇത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ്. അവര്‍ പരിഹരിക്കട്ടെയെന്നാണ്. ‘എരഗതിയും പരഗതിയും’ കിട്ടാതെ നടക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ശൃഗാലതന്ത്രങ്ങള്‍ അപകടം വിതക്കുന്നത് സാധാരണക്കാരന്‍െറ ജീവിതത്തിനു മീതെയല്ളേ. ഇത് മലക്ക് അപ്പുറത്തെ കഥ. ഇപ്പുറത്തോ?
ഒരു പാഠപുസ്തകത്തില്‍ മതവികാരം വ്രണപ്പെട്ടാലോ മതവിചാരണ പരാമര്‍ശിച്ചാലോ എന്തിന്, ഒരു സ്വാശ്രയ കോളജിനു മുന്നില്‍ മുദ്രാവാക്യം വിളിച്ചാലോ വോട്ടുബാങ്ക് എന്ന ഉമ്മാക്കി മുഴക്കി തെരുവിലിറങ്ങുന്ന ശക്തികള്‍ ഇവിടെ നീണ്ട ഉച്ചമയക്കത്തില്‍ കഴിയുന്നു. തമിഴന്‍െറ പ്രതിഷേധം റിക്ടര്‍ സ്കെയിലിന്‍െറ പരിധി കടക്കുമ്പോള്‍ മാണിസാറിന്‍െറയും ഉമ്മന്‍ചാണ്ടിയുടെയും പ്രതിഷേധം മന്ത്രിപ്പണിയുടെ ഒഴിവുവേളകളില്‍ മാത്രമായി ചുരുങ്ങുന്നു. ഏതെങ്കിലും കമ്യൂണിസ്റ്റുകാരന്‍െറ വകയായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടെങ്കില്‍ അത് പൊളിച്ചുമാറ്റാന്‍ അമേരിക്കയില്‍ ചെന്ന് ഏഴാം കപ്പല്‍പ്പടയെ വിളിച്ചുകൊണ്ടുവരാന്‍ കെല്‍പുള്ള ശക്തികള്‍ കോട്ടയത്തുണ്ട്. പക്ഷേ, ‘സ്വര്‍ഗത്തെപ്പോലെ ഭൂമിയിലും’ എന്നപോലെ ഇവിടത്തെപ്പോലെ തമിഴ്നാട്ടിലും അവര്‍ക്ക് സംരക്ഷിക്കപ്പെടേണ്ട താല്‍പര്യങ്ങള്‍ ഉണ്ടായിപ്പോയി! എന്തു ചെയ്യാം, ഉറങ്ങുന്നവനെ ഉണര്‍ത്താം. ഉറക്കം നടിക്കുന്നവനെ ഭൂകമ്പത്തിനുപോലും ഉണര്‍ത്താനാവില്ല.
സഞ്ജയന്‍





